ആലുവ: വാഹനങ്ങളും കമ്പ്യൂട്ടറുകളും കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരികളെ കബളിപ്പിക്കുന്ന സർക്കാർ ജീവനക്കാരനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ നഗരത്തിലെ നാല് വ്യാപാരികളെയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇയാൾ കബളിപ്പിച്ചത്.
ആലുവ സിവിൽ സ്റ്റേഷനിൽ ജീവനക്കാരനായ കോലഞ്ചേരി സ്വദേശിക്കെതിരെയാണ് അന്വേഷണം. തിരക്കു കുറഞ്ഞ വ്യാപാര സ്ഥാപനങ്ങളിൽ സർക്കാർ ജീവനക്കാരന്റെ ടാഗും തിരിച്ചറിയൽ കാർഡും അണിഞ്ഞെത്തിയാണ് ഇയാൾ കബളിപ്പിച്ചത്.
വാഹനങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം വിപണി വിലയുടെ നാലിലൊന്ന് വിലയ്ക്ക് നൽകുന്നതിനെ കുറിച്ച് കടയുടമ കേൾക്കെ മൊബൈൽ ഫോണിൽ സംസാരിക്കും. ഫയൽ തീർപ്പാക്കേണ്ട തീയതി കഴിഞ്ഞതായും പറയും. ഫോൺ കട്ട് ചെയ്ത ശേഷം കടയുടമയോടും കാര്യം പറയും. ഇതാണ് തട്ടിപ്പുരീതി.
1.40 ലക്ഷം രൂപയ്ക്ക് വാഗൺ ആർ കാർ ലേലത്തിൽ കിട്ടും എന്ന 'ഓഫറി'ലാണ് ബ്രിഡ്ജ് റോഡിലെ വ്യാപാരി വീണത്. പണം നൽകിയിട്ടും ഓഫീസർ അവധിയിൽ, യാർഡിന്റെ ചുമതലക്കാരനില്ല അങ്ങനെ പല കാരണങ്ങൾ കാട്ടി കാർ നൽകിയില്ല. സമ്മർദ്ദമേറിയപ്പോൾ രണ്ടാഴ്ചയ്ക്ക് ശേഷം പണം മടക്കി നൽകി. ഇതേ വ്യാപാരിയെ ഒരു മാസത്തിന് ശേഷം വീണ്ടും കബളിപ്പിക്കാൻ ശ്രമിച്ചു. രണ്ടാമതും കബളിപ്പിക്കുന്നതാണെന്ന് ബോധ്യമായതോടെ സിവിൽ സ്റ്റേഷനിൽ പോയി ആളെ കണ്ടു. ഇതോടെ രണ്ടാമത് വാങ്ങിയ പണം ഒരാഴ്ച്ചക്കകം തിരിച്ചുനൽകി തടിയൂരി.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്റ്റേഷനറി കട ഉടമയെയും ബ്രിഡ്ജ് റോഡിലെ തയ്യൽ കടയുടമയെയും കുറഞ്ഞ തുകയ്ക്ക് ലാപ് ടോപ്പ് വാഗ്ദാനം ചെയ്താണ് കബളിപ്പിച്ചത്. ഒരിടത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റൊരിടത്ത് ഷർട്ട് വാങ്ങാനും എന്ന വ്യാജേനയാണ് ഇയാളെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ബ്രിഡ്ജ് റോഡിലെ ഹോം അപ്ളയൻസ് ഷോറൂമിലാണ് അവസാനമായി തട്ടിപ്പിനെത്തിയത്. 16,500 രൂപക്ക് ഇരുചക്ര വാഹനം ലഭിക്കുമെന്ന് പറഞ്ഞ് മരട് സ്വദേശിയായ കടയുടമയെ വീഴ്ത്താൻ ശ്രമിച്ചെങ്കിലും അവധി ദിനമായ ഇന്നലെ കഴുത്തിൽ ടാഗ് അണിഞ്ഞ് എത്തിയതിൽ സംശയം തോന്നി സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. ഇയാളെത്തിയ ടൂവീലർ വാഹനത്തിന്റെ നമ്പറും വ്യാജമാണെന്ന് സംശയിക്കുന്നു. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയരുന്നുണ്ട്.