
മട്ടാഞ്ചേരി: കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങളൊരുങ്ങി. ഞായറാഴ്ചയാണ് വിജയദശമിയാഘോഷം. രാവിലെ 5 മുതൽ 10 വരെയാണ് ആദ്യാക്ഷരം കുറിക്കൽ ചടങ്ങ് നടക്കുക. കുമ്പളങ്ങി തെക്ക് ഗുരുവര മഠത്തിലാണ് കേരള കൗമുദി സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങ് നടക്കുന്നത്. കെ.ജെ മാക്സി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ മേൽശാന്തി പി.കെ. മധുവിന്റെ കാർമ്മികത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. പഴയന്നൂർ ഭഗവതിക്ഷേത്രത്തിൽ സരസ്വതി മണ്ഡപം, പള്ളിയറക്കാവ് ദേവീ ക്ഷേത്രത്തിൽ പൂജാ മണ്ഡപം, മഹാജനവാടി മഹാദേവീ ക്ഷേത്ര മണ്ഡപം, ശേർവാടി ശാരദാദേവീ ക്ഷേത്രാങ്കണം, അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രം, കരിപ്പാലം ശ്രീ മുരുക ക്ഷേത്രം, കൂവപ്പാടം കാമാക്ഷി യമ്മൻ ക്ഷേത്ര മണ്ഡപം, തുണ്ടിപറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രാങ്കണം, അമരാവതി ആൽത്തറ ഭഗവതി ക്ഷേത്ര മണ്ഡപം, വെളി പുതുനഗരം ക്ഷേത്രാങ്കണം, പാണ്ടികുടി മാരിയമ്മൻ ക്ഷേത്രം, കൂവപ്പാടം മുല്ലയ്ക്കൽ വന ദുർഗ്ഗാക്ഷേത്ര മണ്ഡപം, ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രം, പനയപ്പള്ളി മുത്താരമ്മൻ ക്ഷേത്രം, ചുള്ളിക്കൽ ചക്കനാട് ശ്രീ മഹേശ്വരി ക്ഷേത്രം, കരുവേലിപ്പടി രാമേശ്വരം ശിവക്ഷേത്രാങ്കണം, കഴുത്തുമുട്ട് ദേവീ ക്ഷേത്രം, ആര്യക്കാട് ശ്രീ രാമക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഒരുങ്ങി. കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം, കണ്ടത്തി പറമ്പ് ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കും.