ആലുവ: ഇരുചക്ര വാഹനത്തിന് സൈഡ് നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗുണ്ടകളെ വിളിച്ചുവരുത്തി ദമ്പതികളെ ആക്രമിച്ച കേസിൽ കുടുങ്ങിയ എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ഖാദർ ബദൽ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതേതുടർന്ന് ഇന്നലെ പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന അശോകപുരം കൊടുകുത്തുമല പാലപ്പറമ്പിൽ അബ്ദുൾ ഖാദറിന്റെ മകൻ താജു (38), ഭാര്യ ഹിബ എന്നിവർക്കെതിരെയും എടത്തല പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ അബ്ദുൾ ഖാദറിനെതിരെ രാത്രി തന്നെ പൊലീസ് കേസെടുത്തിരുന്നു. മാദ്ധ്യമങ്ങളിൽ ഇന്നലെ വാർത്തകൾ വന്നതോടെയാണ് ഉച്ചയോടെ അബ്ദുൾഖാദർ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. മൊബൈൽ ഫോണിൽ സംസാരിച്ച് റോഡിന് നടുവിലൂടെ കാർ ഓടിച്ചതിനെ ബൈക്കിൽ വന്ന ദമ്പതികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായത്.