വൈപ്പിൻ: ചെമ്മീൻ കയറ്റുമതിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഉദ്യോഗസ്ഥരും സംഘടനാപ്രതിനിധികളും ഉൾപ്പെട്ട സംഘം ഉടൻ ഡൽഹിയിലെത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി പുനരാരംഭിക്കാൻ എല്ലാ വലകളിലും കടലാമകളെ ഒഴിവാക്കുന്ന ഉപകരണം (ടെഡ്) ഘടിപ്പിച്ചെന്ന് ഉറപ്പാക്കിയതായി യു.എസ് നാഷണൽ ഒഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷൻ സർട്ടിഫൈ ചെയ്യണം. ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിനാൽ കേരളത്തിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് യു.എസ് വിപണിയുടെ വിഹിതം നഷ്ടപ്പെടാൻ ഇടയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചത് വ്യവസായത്തിനും മത്സ്യത്തൊഴിലാളികൾക്കുമുണ്ടായ കടുത്ത പ്രഹരം സംബന്ധിച്ച് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.