കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളി മരിക്കുകയും മറ്റ് മൂന്നുപേർക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡിപ്പാർട്ടുമെന്റിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ബോയിലറാണ് പൊട്ടിത്തെറിച്ചത്. ടാലോ ഓയിൽ ഉണ്ടാക്കുന്ന സ്ഥാപനത്തിൽ ബോയിലർ ലൈസൻസില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് പണിയെടുപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോയിലർ പ്രവർത്തിപ്പിക്കാൻ ലൈസൻസുള്ള പരിചയസമ്പന്നരായ തൊഴിലാളികളെ മാറ്റിനിറുത്തുകയും തുച്ഛമായ വേതനം നൽകി അന്യസംസ്ഥാന തൊഴിലാളികളെ ബോയിലർ ഓപ്പറേറ്റർമാരായി ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബേബി പറഞ്ഞു. ഒരു വർഷം മുമ്പ് തൃശൂരിൽ ലൈസൻസ് ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ബോയിലർ പ്രവർത്തിപ്പിച്ച് അപകടമുണ്ടായത് അസോസിയേഷൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഫാക്ടറി ആൻഡ് ബോയിലേഴ്‌സിന്റെ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന് പരാതി നൽകിയതായും അസോസിയേഷൻ കോഓർഡിനേറ്റർ ശക്തി കൊല്ലം, എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ ഇസ്മയിൽ എന്നിവർ പറഞ്ഞു.