കൊച്ചി: മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും. 17 വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് ആഘോഷ പരിപാടികൾ.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഗാന്ധിജി രണ്ടുതവണ വന്നിറങ്ങിയ പഴയ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന ദീപശിഖാപ്രയാണവും മഹാരാജാസിൽ നിന്ന് ആരംഭിക്കുന്ന ചർക്ക ഘോഷയാത്രയും രാജേന്ദ്ര മൈതാനത്ത് സംഗമിക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിക്കും. വിവിധ എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
നാളെ വൈകിട്ട് അഞ്ചിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറി പി.വി മോഹനൻ, കെ.പി.സി.സി പ്രസിഡന്റ് കെ, സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. 17ന് സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
ദിവസവും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിക്കും. ഗാന്ധിയുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളുടെയും ഹൃസ്വചിത്രങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കുമെന്ന് മുഹമ്മദ് ഷിയാസ് അറിയിച്ചു.