കൊച്ചി: എൽ.ഐ.സി ഏജന്റുമാർക്കെല്ലാം ഇ.എസ്.ഐ ആരോഗ്യ പരിരക്ഷ ഏർപ്പെടുത്താൻ കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന് നിർദ്ദേശം നൽകിയതായി ബി.എം.എസ് ഇൻഷ്വറൻസ് സെക്ടർ സംഘടനാ നേതാക്കൾ അറിയിച്ചു. കഴിഞ്ഞദിവസം പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുടെ ഏജന്റുമാരുടെ ബി.എം.എസിന് കീഴിലുള്ള സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ബി.എം.എസ് ഓർഗനൈസിംഗ് സെക്രട്ടറി ബി. സുരേന്ദ്രന്റേ നേതൃത്വത്തിലായിരുന്നു ലൈഫ് ഇൻഷ്വറൻസ് മേഖലയിലും ജനറൽ ഇൻഷ്വറൻസ് മേഖലയിലും നേരിടുന്ന വിവിധ വിഷയങ്ങളിൽ
ചർച്ച.
എൽ.ഐ.സി. ഏജന്റുമാരുടെ പ്രഥമവർഷ കമ്മീഷൻ കുറക്കൽ, കമ്മീഷൻ തിരിച്ചുപിടിക്കുവാനുള്ള നീക്കം, ഗ്രാറ്റുവിറ്റി റിവിഷൻ, വെൽഫെയർ ബോർഡ് തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ നിർമ്മലാ സീതാരാമന് മുന്നിൽ അവതരിപ്പിച്ചു. പ്രഭാരിമാരായ ഗിരീഷ് ആര്യ, സോമേഷ് ബിശ്വാസ്, ബി.എൽ.ഐ.എ.എസ് നാഷണൽ ജനറൽ സെക്രട്ടറി ജെ. വിനോദ്കുമാർ, സിയാദ് എന്നിവർ പങ്കെടുത്തു.