
കൊച്ചി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 84.06 വരെ താഴ്ന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതും രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധനയുമാണ് രൂപയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചത്. അമേരിക്കയിൽ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതോടെ പലിശ വീണ്ടും കുറയാൻ സാദ്ധ്യത മങ്ങിയതിനാൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുകയാണ്.