padam

കൊച്ചി: റിലീസ് സിനിമകൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന കുപ്രസിദ്ധ സിനിമാ പൈറസി സംഘമായ തമിഴ്‌റോക്കേഴ്‌സിലെ കണ്ണികൾ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് സത്യമംഗലം സ്വദേശി പ്രവീൺ കുമാർ(30), തിരിപ്പൂർ സ്വദേശി കുമരേശൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമിഴ്‌റോക്കേഴ്‌സുമായി ബന്ധമുള്ള 'വൺതമിഴ്എം.വി' എന്ന വെബ് സൈറ്റിന് സിനിമകൾ പകർത്തി നൽകിവരികയായിരുന്നു. ഈ വെബ് സൈറ്റ് സൈബർ പൊലീസ് പൂട്ടിച്ചു. പ്രതികളുടെ മൊബൈലുകളിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്തിന്റെ വേട്ടയാൻ വരെയുള്ള സിനിമകൾ കണ്ടെടുത്തു. മലയാള സിനിമയായ എ.ആർ.എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഡി.ജിപിക്കും സൈബർ പൊലീസിനും നൽകിയ പരാതിയിലാണ് ഇരുവരും വലയിലായത്.

വേട്ടയാന്റെ വ്യാജ പതിപ്പ് ബംഗളൂരുവിലെ ഒരു തിയേറ്ററിൽ നിന്ന് പകർത്തി അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്. കൊച്ചിയിലെത്തിച്ച പ്രതികളെ വിശദമായ ചോദ്യം ചെയ്ത് ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പേരുടെ പങ്ക് സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും സൈബർ പൊലീസ് പറഞ്ഞു. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകൾ റിലീസ് ചെയ്താലുടൻ പകർത്തി വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇവരുടെ രീതി. വെബ്‌സൈറ്റിലെ പരസ്യങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തിയിരുന്നു. മറ്റ് ഗ്രൂപ്പുകൾക്ക് വ്യാജപതിപ്പ് വിലയ്ക്ക് വിൽക്കാറുമുണ്ട്. പകർത്തി കൈമാറുന്നവർക്ക് 5000 മുതൽ 10000 രൂപ വരെയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ജൂലായിൽ 'ഗുരുവായൂരമ്പലനടയിൽ' എന്ന സിനിമ പ്രചരിപ്പിച്ച കേസിൽ തമിഴ്‌നാട് മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജ് (33) അറസ്റ്റിലായിരുന്നു. ധനുഷ് ചിത്രമായ 'രായൻ' തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിൽ മൊബൈലിൽ പകർത്തുന്നതിനിടെ സിറ്റി സൈബർ പൊലീസ് നൽകിയ വിവരത്തെ തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ആർ.എമ്മിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ വിവരം സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് പുറത്തുവിട്ടത്. ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ ചിത്രം മൊബൈലിൽ കാണുന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്ന കുറിപ്പോടെയാണ് ജിതിൻ ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.