മട്ടാഞ്ചേരി: സി.പി.എം കൊച്ചി ഏരിയയിലെ ആദ്യ ലോക്കൽ സമ്മേളനത്തിൽ തന്നെ കല്ലുകടി. ഫോർട്ട്കൊച്ചി ലോക്കൽ സമ്മേളനമാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കത്തിൽ കലാശിച്ചത്. സമ്മേളനത്തിന്റെ മറ്റ് നടപടികൾ പൂർത്തീകരിച്ച് സെക്രട്ടറി തിരഞ്ഞെടുക്കുന്ന വേളയിലാണ് തർക്കമുണ്ടായത്. തുടർന്ന് ഇന്ന് ലോക്കൽ കമ്മിറ്റി ചേർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
വ്യാഴാഴ്ച ഫോർട്ട്കൊച്ചി സിഗരറ്റ് ഹൗസിൽ നടന്ന സമ്മേളനമാണ് തർക്കത്തിൽ കലാശിച്ചത്. ജില്ലാ കമ്മിറ്റിയംഗം പി .എൻ സീനുലാൽ ഉദ്ഘാടനം ചെയ്ത ലോക്കൽ സമ്മേളനം ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് വരെ സുഗമമായി നീങ്ങി. തിരഞ്ഞെടുക്കപ്പെട്ട 13 ലോക്കൽ കമ്മിറ്റിയംഗങ്ങളിൽ നിന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ യോഗം ചേരുമ്പോഴാണ് തർക്കമുണ്ടായത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് ജോജോ ആന്റണിയുടെയും ക്ളേ സ്റ്റീഫന്റെയും പേരുകൾ അംഗങ്ങളിൽ നിന്ന് നിർദേശം വന്നതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. ഇതിൽ ഒരാളെ പിൻമാറ്റാൻ നേതൃത്വം ശ്രമിച്ചെങ്കിലും രണ്ട് പേരും തീരുമാനത്തിൽ ഉറച്ച് നിന്നു. മത്സരത്തിലേക്ക് പോകുമെന്ന ഘട്ടത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. അന്നേദിവസം നടന്ന മുണ്ടംവേലി ലോക്കൽ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുത്തു.