കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ കൊച്ചിയിലെ സംഗീതനിശയ്ക്കിടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകളിൽ ചിലതിന്റെ ഒടുവിലത്തെ ലൊക്കേഷൻ ഡൽഹിയിലെ ചോർബസാർ മേഖലയിൽ. ഇതോടെ മൊബൈലുകൾ മോഷണസംഘം ഡൽഹിയിലെത്തിച്ച് വിൽക്കാനുള്ള സാദ്ധ്യത വർദ്ധിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിലെ ഒരു ടീം ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചു.

കൂട്ട മൊബൈൽ ഫോൺ മോഷണത്തിന് പിന്നിലെ സംഘത്തെ തേടി ഒരു ടീം മുംബയിൽ അന്വേഷണം തുടരുകയാണ്. കൊച്ചിയിൽ നിന്ന് നഷ്ടപ്പെട്ട ഐ ഫോണുകളിൽ ചിലതിന്റെ ലൊക്കേഷനുകൾ മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം മുംബയ്ക്ക് തിരിച്ചത്. ഗോവയിലും ചെന്നൈയിലും നടന്ന അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ സമാന കവർച്ച നടന്നിരുന്നു.

മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അസ്ലം ഖാന്റെ സംഘമായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികൾ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങൾ അടങ്ങുന്നതാണ് അസ്‌ലം ഖാൻ സംഘം. ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു സംഗീതനിശ. ആറായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയുടെ വി.ഐ.പി ഗേറ്റിലായിരുന്നു മോഷണം. ഷോ ബുക്ക് ചെയ്ത് കൊച്ചിയിലെ ഹോട്ടലുകളിൽ താമസിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു.