ആലുവ: വിജയദശമി നാളിൽ വിവിധ ക്ഷേത്രങ്ങളിൽ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളെത്തി. ആലുവ അദ്വൈതാശ്രമത്തിൽ മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചത്.
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ശ്രീകോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ക്ഷേത്രം മേൽശാന്തി സി.എസ്. ജയൻ തത്തപ്പിള്ളി മുഖ്യകാർമ്മികത്വം വഹിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് പേർ അരി വിതറിയ തറയിൽ അക്ഷരമധുരം നുകർന്നു. നാദശ്രീ സംഗീത കലാലയത്തിന്റെ നേതൃത്വത്തിൽ അനിൽ ഭാസ്കരന്റെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവവും നടന്നു.
നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുൻ ജില്ല ജഡ്ജി അഡ്വ.സുന്ദരം ഗോവിന്ദ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. കുന്നത്തേരി ചേലക്കാട്ട് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ തായിക്കാട്ടുകര എസ്.പി.ഡബ്ല്യു ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഒ.ബി. ലീന കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.