road
തകർന്ന് കിടക്കുന്ന നെടുവന്നൂർ - ചൊവ്വര റോഡ്

നെടുമ്പാശേരി: ചെങ്ങമനാട്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെടുവന്നൂർ - ചൊവ്വര റോഡ് തകർന്ന് തരിപ്പണമായിട്ടും അധികാരികൾ കണ്ണുതുറക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായി. ദേശം - കാലടി റോഡിൽ ചൊവ്വര കവലയിൽ നിന്ന് ഇടത്തേക്ക് തിരിയുന്നതാണ് ചൊവ്വര - നെടുവന്നൂർ റോഡ്. ഈ റോഡിലേക്ക് കയറുന്നതോടെ നടുവൊടിക്കുന്ന കുഴികൾ ആരംഭിക്കും. വാഹനങ്ങളുടെയെല്ലാം ആക്സിൽ ഒടിയുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി മറിയുന്നതും നിത്യസംഭവമാണ്. ഇരു പഞ്ചായത്തുകളുടെയും അതിർത്തിയിലുള്ള പാലവും തകർന്ന് കിടക്കുകയാണ്. തുടർന്ന് നല്ല റോഡാണ്.

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിനാണ് ഈ ദുർഗതി. ഗ്രാമപഞ്ചായത്തും റോഡ് ടാറിംഗിനായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. നേരത്തെ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡിന്റെ ഒരു ഭാഗം കുത്തിപ്പൊളിച്ചിരുന്നു. തുടർന്ന് ടാറിംഗ് വൈകിയതോടെ കുഴികളെല്ലാം വലുതായി. പിന്നീട് ജലജീവനായി കുഴിയെടുത്ത ഭാഗത്ത് ടാറിംഗ് നടത്തിയെങ്കിലും മറ്റ് ഭാഗത്തെ കുഴികളെല്ലാം അതേപടി തുടർന്നു. ഇതാണ് ഇപ്പോൾ മരണക്കുഴിയായി മാറിയത്.

സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായ മഹിളാലയം, തുരുത്ത് പാലം കടന്നുവരുന്നവരെല്ലാം നെടുമ്പാശേരി വിമാനത്താവളത്തിലേക്കെത്താൻ എളുപ്പവഴിയായി ഉപയോഗിക്കുന്നതിനാൽ നിത്യേന ഈ റോഡിലൂടെ കടന്നുപോകുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ