h
ദേവസ്വം മേൽശാന്തി മനോജ് എമ്പ്രാന്തിരിയുടെയും പതിനഞ്ചോളം വൈദിക ശ്രേഷ്ഠന്മാരുടെയും നേതൃത്വത്തിൽ എഴുത്തിനിരത്ത് ചടങ്ങ് നടന്നപ്പോൾ

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ വിജയദശമി നാളിൽ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് ആയിരത്തിലേറെ കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്ക് കടന്നു. രാവിലെ നാലു മണിക്ക് നിർമാല്യ ദർശനത്തിനായി നട തുറന്നപ്പോൾ തന്നെ വിദ്യാരംഭത്തിനുള്ള ക്യൂ രൂപപ്പെട്ടിരുന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പന്തീരടി പൂജ നടത്തി. നട തുറന്നപ്പോൾ വീണാധാരിയായി വിശേഷാൽ സ്വർണാഭരണങ്ങളും പുഷ്പഹാരങ്ങളും ചാർത്തിയ ദേവിയെ ദർശിച്ച് ആയിരങ്ങൾ സായുജ്യമടഞ്ഞു.

സരസ്വതി മണ്ഡപത്തിൽ മേൽശാന്തിമാരായ ടി.പി. അച്യുതൻ നമ്പൂതിരിപ്പാടിന്റെയും മനോജ് കുമാർ എമ്പ്രാന്തിരിയുടെയും കാർമികത്വത്തിൽ പൂജ നടന്നു. പൂജ എടുപ്പിന് ശേഷം തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും നേതൃത്വത്തിൽ പതിനഞ്ചോളം വൈദിക ശ്രേഷ്ഠർ കുട്ടികളെ എഴുത്തിനിരുത്തി.

ഭക്തജനങ്ങൾക്ക് ദർശനത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ദേവസ്വവും പൊലീസും ഒരുക്കിയിരുന്നു.
നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികളും നടന്നു. ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ബിജു. ആർ. പിള്ള, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.