കൊച്ചി: കേരളകൗമുദിയും കുമ്പളങ്ങി തെക്ക് ഗുരുവരമഠവും ചേർന്ന് ഒരുക്കിയ വിദ്യാരംഭച്ചടങ്ങിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണിൽ നടന്ന ചടങ്ങ് കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറക്കാനാവാത്ത അനുഭവമായി.

വെറ്റിലയും അടയ്ക്കയും ദക്ഷിണവച്ച് ആചാര്യന്മാരുടെ വിരൽത്തുമ്പ് പിടിച്ച് ഹരിശ്രീ കുറിക്കവേ ചിലർ കൗതുകത്തോടെ ചുറ്റും കണ്ണോടിച്ചു. ഹൈക്കോടതി റിട്ട. ജസ്റ്റിസ് മേരി ജോസഫ്, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ഡോ. ദിനേശ് കൈപ്പിള്ളി, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്.മേനോൻ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ എന്നിവരാണ് ആചാര്യസ്ഥാനം വഹിച്ചത്. കെ.ജെ.മാക്സി എം.എൽ.എ. ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

രാവിലെ 9.30ന് ആരംഭിച്ച ചടങ്ങുകൾ 10.30 വരെ തുടർന്നു.

ഗുരുവരമഠം പ്രസിഡന്റ് ലജീഷ് ശാന്തി, വൈസ് പ്രസിഡന്റ് ശ്യാം പ്രസാദ്, ജോ. സെക്രട്ടറി സുമേഷ്, ഖജാൻജി ശിവൻ

കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ, ന്യൂസ് എഡിറ്റർ എച്ച്. മണിലാൽ, സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, അസി. മാനേജർമാർ സൈജു, എക്സിക്യുട്ടീവ് ബൈജു, നിതീഷ് മുരളി, കുമ്പളങ്ങി ഏജന്റ് വി.ടി. ജോഷി, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി.സത്യൻ, ഇല്ലിക്കൽ ദേവസ്വം പ്രസിഡന്റ് കെ.എം. പ്രതാപൻ, സൗത്ത് ശാഖാ പ്രസിഡന്റ് ശശികുമാർ കുളക്കടവിൽ, കുമ്പളങ്ങി സർവ്വീസ് സഹ. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി, മുൻ ഡിവൈ.എസ്.പി.ഹരിഹരൻ, വനിതാസംഘം ഭാരവാഹികളായ അനുപമ, സുചിത്ര പ്രിൻസ് തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

കുമ്പളങ്ങി തെക്ക് ഗുരുവര മഠത്തിന്റെ ഉത്ഭവവും ശ്രീനാരായണ ഗുരുദേവന്റെ സാന്നിദ്ധ്യത്തിൽ സഹോദരൻ അയ്യപ്പൻ നേതൃത്വം കൊടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മിശ്രഭോജനവും ആസ്പദമാക്കി നിർമ്മിക്കുന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടനം ചടങ്ങിൽ ഡോ. മോഹന സുഗുണപാലൻ നിർവഹിച്ചു.