 
നെടുമ്പാശേരി: ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആയിരത്തിലേറെ കുട്ടികൾ ആദ്യക്ഷരം കുറിച്ചു. പ്രമുഖ ആചാര്യന്മാരാണ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചത്. ക്ഷേത്രത്തിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പുസ്‌തകം പൂജക്ക് വെച്ചിരുന്നു. 700 പേർ 11 ദിവസമായി നീണ്ടു നിന്ന 33 -ാമത് നവരാത്രി ക്ലാസിക്കൽ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി. വൈകീട്ട് പഞ്ചരത്നകീർത്തനത്തോടെ ക്ലാസിക്കൽ നൃത്ത-സംഗീതോത്സവത്തിന് തിരശീല വീണു.
കേന്ദ്രീയ സംസ്‌കൃത വിദ്യാലയത്തിൽ നിന്ന് എം.എ സംസ്‌കൃത വേദാന്തത്തിൽ ഗോൾഡ് മെഡൽ നേടിയ കപ്രശേരി സ്വദേശി പാർവതി മനോജിനേയും മ്യൂറൽ ചിത്രരചന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ആവണംകോട് സ്വദേശി എം.ഡി. ദേവികയെയും ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ് ആദരിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ, സംസ്‌കൃത സർവകലാശാല സംഗീത അദ്ധ്യാപിക പ്രീതി സതീഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.