sndp-paravur-
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സൗജന്യ ഓൺലൈൻ പി.എസ്.സി കോച്ചിംഗ്, കുമാരിസംഘം, ബാലജനയോഗം എന്നിവയുടെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

പറവൂർ: കേരളത്തിലെ ഈഴവ, പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെട്ടതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സൗജന്യ ഓൺലൈൻ പി.എസ്.സി കോച്ചിംഗിന്റെയും കുമാരിസംഘം, ബാലജനയോഗം എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കർക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നത് ക്ളാസ് ഫോർ, ക്ളാർക്ക് തസ്തികകളിലാണ്. ഉയർന്ന പോസ്റ്റുകളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. ജനാധിപത്യത്തെ മതാധിപത്യം കൈയടക്കിയതോടെ പിന്നാക്ക വിഭാഗം എല്ലാമേഖലയിലും തഴയപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും മതം പ്രധാനഘടകമായി. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ വിലപേശി എല്ലാം നേടിയെടുക്കുമ്പോൾ പിന്നാക്ക വിഭാഗത്തിനു വേണ്ടി ശബ്ദിക്കാൻ ആരുമില്ല.

കഴിഞ്ഞ മൂന്നു തവണയായി രാജ്യസഭയിലേക്കുള്ള എം.പിമാരെ തിരഞ്ഞെടുത്തപ്പോൾ പിന്നാക്ക വിഭാഗത്തെ പാടേ അവഗണിച്ചു. ഈ സത്യം തുറന്നുപറഞ്ഞ എന്നെ വർഗീയവാദിയാക്കി. വർഗീയവാദം മാത്രം പറയുന്നവരെ മിതവാദിയാക്കി. ഇതിനെ പ്രതിരോധിക്കാൻ ഗുരുദേവൻ ആഹ്വാനം ചെയ്തതുപ്രകാരം സംഘടിച്ച് ശക്തരാവുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. എസ്.എൻ.ഡി.പി യോഗത്തെ തകർക്കുനുള്ള ശ്രമം എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അവരെല്ലാം സ്വയം നശിച്ച ചരിത്രമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എം. നാഗേഷ്, കെ.ബി. സുഭാഷ്, വി.പി. ഷാജി, ടി.എം. ദിലീപ്, ആഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. ആഷിക്, എം.എഫ്.ഐ കോ ഓർഡിനേറ്റർമാരായ ജോഷി പല്ലേക്കാട്ട്, എ.എൻ. ഗോപാലകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് കൺവീനർ അഖിൽ ബിനു, അഡ്വ. പ്രവീൺ തങ്കപ്പൻ, വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, എംപ്ളായീസ് ഫോറം പ്രസിഡന്റ് വിപിൻ ബാബു, പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് ഇ.പി. തമ്പി, സൈബർ സേന ചെയർമാൻ സുധീഷ് വള്ളുവള്ളി, വൈദികയോഗം സെക്രട്ടറി വിപിൻരാജ് ശാന്തി തുടങ്ങിയവർ സംസാരിച്ചു.