manilal

കൊച്ചി: ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോ.കെ.എസ്. മണിലാലിനെ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ തൃശ്ശൂർ കൂർക്കഞ്ചേരിയിലുള്ള വീട്ടിലെത്തി ആദരിച്ചു. പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റും മുൻ നെതർലാൻഡ് ഇന്ത്യൻ അംബാസിഡറുമായ വേണു രാജാമണി മണിലാലിന് പൊന്നാട ചാർത്തി. ഭാര്യ ജ്യോത്സന മണിലാലും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു. വൈസ് പ്രസിഡന്റുമാരായ ഡോ. എൽസമ്മ ജോസഫ് അറക്കൽ, അഡ്വ. സാജൻ മണ്ണാളി, അദ്ധ്യാപകൻ പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

മലബാറിലെ സസ്യസമ്പത്തിനെ കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച "ഹോർത്തൂസ് മലബാറിക്കസ്" (ഗാർഡൻ ഓഫ് മലബാർ) മലയാളത്തിലേക്ക് മൊഴിമാറ്റിയത് ഡോ.കെ.എസ്. മണിലാലാണ്. ലാറ്റിൻ ഭാഷ വശമില്ലായിരുന്ന ഡോ. മണിലാൽ ക്രിസ്ത്യൻ പാതിരിമാരുടെ സഹായത്തോടെ ഭാഷ പഠിച്ച് 35 വർഷത്തോളം നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് തർജ്ജമ ചെയ്തത്. പന്ത്രണ്ട് വോളിയവും കേരള യൂണിവേഴ്സിറ്റി പിന്നീട് പ്രസിദ്ധീകരിച്ചു. മഹാരാജാസ് കോളേജിലെ ബോട്ടണി വകുപ്പിലെ പൂർവ്വ വിദ്യാർത്ഥിയാണ് പത്മശ്രീ പുരസ്കാര ജേതാവും ചെറായി സ്വദേശിയുമായ മണിലാൽ. നെതർലാൻഡ് ഗവൺമെന്റിന്റെ ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.