
കൊച്ചി: അതിരപ്പിള്ളി മാതൃകയിലുള്ള പദ്ധതികൾ കേരളത്തിന് വൻ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുമെന്ന് സാമൂഹിക പ്രവർത്തക മേധ പട്കർ പറഞ്ഞു. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഗാന്ധിയൻ കോൺഗ്രസ് അറ്റ് 100"ന്റെ ഭാഗമായുള്ള സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അവർ.
എക്‌സിബിഷൻ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ കെ. സഹദേവൻ, സി. ആർ. നീലകണ്ഠൻ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ഓൾഡ് റയിൽവേ സ്റ്റേഷനിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്ത ദീപശിഖ പ്രയാണം സേവാദൾ ചെയർമാൻ വിവേക് ഹരിദാസിന്റെ നേതൃത്വത്തിലും മഹാരാജാസ് കോളേജിൽ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്ത പതാക ഘോഷയാത്ര ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി ബേബി, ജോസഫ് ആന്റണി എന്നിവരുടെ നേതൃത്വത്തിലും സമ്മേളന നഗരിയിൽ എത്തിച്ചു.