 
പെരുമ്പാവൂർ: ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ ശ്രീമുദ്ര കലാഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആയുർ നടനം 2024 മൂന്നാമത് നൃത്തോത്സവം ആകർഷകമായി. ആയുർ നടനത്തിൽ പങ്കെടുത്ത നർത്തകിമാരെല്ലാം മുട്ടുവേദന, നടുവേദന തുടങ്ങിയ വിവിധ ഓർത്തോ പ്രശ്‌നങ്ങൾ മൂലം നൃത്തം ചെയ്യാൻ സാധിക്കാത്തവരായിരുന്നു. ഗുരുകുലത്തിലെ കളരി, മർമ്മ, ആയുർവേദ ചികിത്സകളുടെ ഫലമായി കുറഞ്ഞ സമയം കൊണ്ട് പൂർണ സുഖം പ്രാപിക്കുകയും വീണ്ടും നൃത്തവേദിയിൽ എത്തുകയും ചെയ്തവരായിരുന്നു ഇവർ. കഴിഞ്ഞ വർഷം സുഖപ്പെട്ട 185 ൽ പരം നർത്തകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളം പേർ നൃത്തോത്സവത്തിൽ രണ്ടാം അരങ്ങേറ്റം നടത്തി. ചരിത്രത്തിൽ തന്നെ ആദ്യമായാണ് രോഗശമനം നേടിയ നർത്തകരുടെ നൃത്തോത്സവം തുടർച്ചയായി മൂന്നാം വർഷം നടത്തുന്നത്. ഡോ. ആൻസി ജാസിം, ഡോ. സൂഹാന, ഡോ. ഗീതു കൃഷ്ണ എന്നിവർ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം സന്തോഷ് പണ്ഡിറ്റ് അടക്കം ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ സന്നിഹിതരായി.