പെരുമ്പാവൂർ:കേരള നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ പട്ടികജാതി /വർഗക്കാരുടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി സംഘടനാ നേതാക്കൾ സംവരണ വിഭാഗത്തിലുള്ള എം.എൽ.എ.മാർക്ക് നിവേദനം നൽകി. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് 11-07-2014 ൽ നടന്ന നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സ്വകാര്യ ബിൽ പുനഃരവതരിപ്പിക്കുക,​ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മാതൃകയിൽ എസ്.സി/എസ്.ടി കടാശ്വാസ കമ്മീഷൻ നിയമം നിർമ്മിക്കുക, മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭിക്കുന്നതിന് നവ ഭൂപരിഷ്കരണ നിയമം രൂപീകരിക്കുക, നിയമസഭയുടെ വിവിധ സമിതികൾ എസ്.സി/ എസ്.ടി ക്ഷേമത്തിനായി സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുക, പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്തണമെന്നും ഉപസംവരണം ഏർപ്പെടുത്തണമെന്നുമുള്ള സുപ്രീംകോടതി പരാമർശം നിയമസഭയിൽ അവതരിപ്പിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. ഡോ. അംബേദ്കർ സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻകദളി, എസ്.സി /എസ്.ടി. കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ എം.എ.കൃഷ്ണൻകുട്ടി, കേരള സ്റ്റേറ്റ് ഹരിജൻ സമാജം സെക്രട്ടറി എം.കെ. അംബേദ്കർ എന്നിവരാണ് നിവേദനം നൽകിയത്.