പറവൂർ: വിജയദശമി നാളിൽ വിദ്യാരൂപിണിയായ സരസ്വതി ദേവിയെ വണങ്ങി ആദ്യക്ഷരം കുറിക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആയിരത്തിലേറെ കുരുന്നുകളെത്തി.
പുലർച്ചെ മൂന്നു മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം, സരസ്വതിപൂജ, ശീവേലി, പന്തീരടി പൂജ എന്നിവയ്‌ക്കു ശേഷം തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കെ.ബി. അജിത്ത്കുമാറിന്റെയും കാർമ്മികത്വത്തിൽ പൂജയെടുത്തു. സരസ്വതീചൈതന്യം ശ്രീകോവിലിൽനിന്ന് വിദ്യാരംഭ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചതോടെ വിദ്യാരംഭം തുടങ്ങി. ദേവീവിഗ്രഹത്തിന് മുന്നിൽ നിറപറയും നിലവിളക്കുമൊരുക്കി ഇരുപത് ഗുരുക്കന്മാർ കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1400ലധികം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. പറവൂർ ജ്യോതിസ്, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, കുന്നത്തൂർ ഇല്ലത്ത് ഡോ. വിഷ്ണു നമ്പൂതിരി, ഐ.എസ്. കുണ്ടൂർ, പ്രൊഫ. കെ. സതീശ് ബാബു, ഡോ. കെ.കെ. ബീന, പി.പി. രേഖ, അഡ്വ. എം.കെ. രാമചന്ദ്രൻ, ആനന്ദവല്ലി, വിനോദ്കുമാർ എമ്പ്രാന്തിരി, ഡോ. രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടവന, മുരളി ഗോപിനിവാസ്, കോതകുളങ്ങര മോഹനൻ, ഡോ. കെ.എ. ശ്രീവിലാസൻ, സത്യൻ വാര്യർ, മോഹനൻ സ്വാമി, ഡോ. രേഖ പാർത്ഥസാരഥി, മനപ്പാട്ട് ജയരാജ് തന്ത്രി, രാധാകൃഷ്ണൻ ശാന്തി എന്നിവർ ഗുരുസ്ഥാനീയരായി.
ചുറ്റമ്പലത്തിനകത്ത് നാലമ്പലത്തിനോട് ചേർന്നുള്ള മണ്ണിൽ കുട്ടികളും മുതിർന്നവരും 'ഹരിശ്രീ" കുറിച്ചാണ് മടങ്ങിയത്. രാത്രി അത്താഴപൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യ വിതരണത്തിനുശേഷം നവരാത്രി മഹോത്സവം സമാപിച്ചു.
ടി.എച്ച്. ബാലസുബ്രഹ്മണ്യത്തിന്റെ വലയിൻ സോളോയോടെ സരസ്വതി മണ്ഡപത്തിൽ പത്തുനാൾ നീണ്ടുനിന്ന നൃത്ത - സംഗീതോത്സവം സമാപിച്ചു.