boat

പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ചാത്തേടം ജലോത്സവത്തിൽ എ ഗ്രേഡിൽ ഹാട്രിക് വിജയവുമായി ക്രിസ്തുരാജ ബോട്ട് ക്ളബിന്റെ താണിയൻ. ബി. ഗ്രേഡിൽ വടക്കുംപുറം പുന‌‌ർജനി ബോട്ട് ക്ളബിന്റെ വടക്കുംപുറം വള്ളമാണ് ഒന്നാമൻ. തുരുത്തിപ്പുറം ബോട്ട് ക്ളബിന്റെ തുരുത്തിപ്പുറം വള്ളവും കൊച്ചൻ ഈഗിൽ ബോട്ട് ക്ളബിന്റെ ജിബി തട്ടകവുമാണ് രണ്ടാംസ്ഥാനം. ഇ.ടി. ടൈസൻ എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്‌തു. ക്രിസ്‌തുരാജ ബോട്ട് ക്ലബ് പ്രസിഡന്റ് ജോസി താണിയത്ത് അദ്ധ്യക്ഷനായി. താണിയൻ വള്ളത്തിന്റെ അമരക്കാരൻ രാജീവ് രാജു ഫ്ലാഗ്ഓഫ് ചെയ്‌തു. മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ തുഴ കൈമാറി. എം.ബി.ബി.എസിന് പ്രവേശനം നേടിയ പത്ത് കുട്ടികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പും താണിയൻകടവിലെ വള്ളംകളിയിൽ പങ്കെടുക്കുന്ന 16 ഇരുട്ടുകുത്തി വള്ളങ്ങളിലെ 200 തുഴച്ചിൽക്കാരുടെ മക്കൾക്കു പഠനോപകരണങ്ങളും തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്‌റ്റ് നൽകി. ഫാ. ഫ്രാൻസിസ് താണിയത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലീന വിശ്വൻ, റോസി ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിത സ്‌റ്റാലിൻ, ഷെറുബി സെലസ്‌റ്റീന, ജാൻസി ഫ്രാൻസിസ്, ഷൈബി തോമസ്, ഫാ. ജോയ് സ്രാമ്പിക്കൽ, രാജു പാലപറമ്പിൽ എന്നിവർ സംസാരിച്ചു. ജലമേളയുടെ ജേതാക്കൾക്ക് പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്‌ടർ സിദ്ദിഖ് അബ്‌ദുൽ ഖാദർ ട്രോഫി സമ്മാനിച്ചു. ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ളബാണ് ജലോത്സവം സംഘടിപ്പിച്ചത്.