വൈപ്പിൻ: മുനമ്പം, പള്ളിപ്പുറം, ചെറായി പ്രദേശങ്ങളിലെ തീരമേഖലയിൽ നിന്ന് 600ൽപ്പരം കുടുംബങ്ങളെ കുടിയിറക്കാനുള്ള വഖഫ് ബോർഡ് നീക്കം നടക്കില്ലെന്നും കുടിയിറക്ക് 1957ലെ സർക്കാർ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെന്നും എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്‌വൈസർ അഡ്വ. രാജൻ ബാബു പറഞ്ഞു. വഖഫ് കേസിലെ ഇരകളായ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും മുനമ്പം ശാഖയും ചെറായി ദേവസ്വംനടയിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫറൂക്ക് കോളേജിന് 33 ലക്ഷം രൂപ നല്കി തീറ് വാങ്ങിയ സ്ഥലത്തിന് വഖഫ് ബോർഡ് ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് നീതിയല്ലെന്നും രാജൻ ബാബു പറഞ്ഞു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ബി. ജോഷി, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യർ വലിയപറമ്പിൽ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ , ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് വി.വി. അനിൽ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് കെ.എൻ. മുരുകൻ സ്വാഗതവും സെക്രട്ടറി രാധ നന്ദനൻ നന്ദിയും പറഞ്ഞു.
ഗൗരീശ്വരത്ത് നിന്ന് ദേവസ്വം നടയിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.