car

കോലഞ്ചേരി: പാങ്കോട് കവലയിൽ ചപ്പാത്തിൽ വീണ് നിയന്ത്രണം വിട്ട കാർ കിണറിൽ വീണു. യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ പാങ്കോട് കരിമുഗൾ റോഡിൽ ചാക്കപ്പൻ കവലയിലാണ് സംഭവം. അപകടത്തിൽപ്പെട്ട ആലുവ കോമ്പാറ നൊച്ചിമ മീന സദനത്തിൽ കാർത്തിക് എം. അനിൽ(27), ഭാര്യ വിസ്മയ (26) എന്നിവരെ കാര്യമായ പരിക്കേല്ക്കാതെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കരയിൽ നിന്ന് കോമ്പാറയിലെ ഭാര്യ വീട്ടിലേയ്ക്ക് പോകുംവഴിയാണ് അപകടം. റോഡിൽ ചപ്പാത്തുള്ള കാര്യം അറിയാതെ വന്നതാണ് അപകടത്തിന് ഇടയാക്കിയത്. മഴ പെയ്തു കൊണ്ടിരുന്നതിനാൽ ചപ്പാത്തിൽ വെള്ളം നിറഞ്ഞത് ഡ്രൈവറായ കാർത്തിക്കിന് മനസിലാക്കാനായില്ല. ഇതോടെ ചപ്പാത്തിൽ ചാടിയ സ്വിഫ്റ്റ് കാർ നിയന്ത്രണം തെറ്റി സമീപത്തെ കിണറിന്റെ ഭിത്തി തകർത്ത് 15 അടിയോളം താഴ്ചയുള്ള കിണറിലേയ്ക്ക് പതിക്കുകയായിരുന്നു. കാറിന്റെ ഡോർ തുറക്കാനായതിനാൽ പുറത്തിറങ്ങിയ ഇരുവരേയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏണി ഇറക്കി കരയ്ക്കെത്തിച്ചു. പിന്നീട് ക്രെയിനിന്റെ സഹായത്തോടെ കാറും പുറത്തെടുത്തു. പട്ടിമ​റ്റം ഫയർ സ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ. സജീവൻ, എസ്. വിഷ്ണു, കെ.കെ. ബിബി, പി.വി.വിജീഷ്, എസ്. അനിൽകുമാർ, കെ.ജെ. ജേക്കബ് എന്നിവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.