കുടിശിക 112 കോടിയിലേറെ
കൊച്ചി: നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പെൻഷനു പിന്നാലെ തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷനിലും മാസങ്ങളുടെ കുടിശിക വരുത്തി സംസ്ഥാന സർക്കാർ. 112 കോടി രൂപയിലേറെയാണ് കുടിശിക. 2024 മാർച്ച് മുതലാണ് ബോർഡിലെ പെൻഷൻ വിതരണം മുടങ്ങിയത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ 1,00,350 അംഗങ്ങളാണ് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ. ഇവർക്ക് പ്രതിമാസം ക്ഷേമ പെൻഷനായി നൽകേണ്ടത് 1,600 രൂപ വീതം 16,05,60,000 രൂപ. ഏഴു മാസത്തെ കുടിശിക 112,39,20,000 രൂപ.
ബോർഡിൽ അംഗങ്ങളായ 7,68,968 പേരിൽ നിന്ന് അംശദായമായി പ്രതിമാസം 50 രൂപ വീതം ഈടാക്കുന്നുമുണ്ട്. ഈ കണക്ക് പ്രകാരം ബോർഡിലേക്ക് 3,84,48,400 രൂപ പ്രതിമാസം പിരിഞ്ഞു കിട്ടുന്നുണ്ട്.
അംഗങ്ങൾക്കുള്ള മറ്റാനുകൂല്യങ്ങളുടെ വിതരണവും ജൂൺ - ജൂലായ് മുതൽ മുടങ്ങിയെന്ന് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓഫീസ് അറിയിച്ചു. പ്രസവ സഹായ ഇനത്തിൽ ബോർഡിന്റെ തനത് ഫണ്ടിൽ നിന്ന് വിതരണം ചെയ്ത 10,68,600 രൂപ സർക്കാരിൽ നിന്ന് റീ ഇംബഴ്‌സ് ചെയ്ത് ലഭിക്കാനുമുണ്ട്.കുടിശിക സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്ന് മാത്രമാണ് ബോർഡ് വ്യക്തമാക്കുന്നത്.
ആനുകൂല്യങ്ങൾ
വിവാഹ ധനസഹായം, പ്രസവ ധനസഹായം, അധിക പ്രസവ ധനസഹായം, ചികിത്സാ ധനസഹായം, സ്‌കോളർഷിപ്പ്, ക്യാഷ് അവാർഡ്, റീഫണ്ട്, റിട്ടയർമെന്റ് ബെനഫിറ്റ്, മരണാനന്തര ശവസംസ്‌കാര ധനസഹായം.