gosree
ഗോശ്രീ ബസുകൾക്ക് ഉടൻ നഗര പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് ആർ.ടി.ഒ ഓഫീസിന് മുന്നിൽ നടത്തിയ സമരം പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് ആർ.ടി.ഒ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സമരം സമിതി ചെയ‌ർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ആർ.ടി.എ യോഗത്തിൽ പെർമിറ്റിന് അപേക്ഷ നൽകിയ 23 ബസുകളുടെ നഗര പ്രവേശനം ഉടൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് രണ്ട് മാസമായിട്ടും നഗര പ്രവേശനം നടപ്പായില്ല. എറണാകുളം ആർ.ടി.ഒ ടി.എം. ജെർസനുമായി പോൾ ജെ. മാമ്പിള്ളി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനകം അപേക്ഷിച്ച മുഴുവൻ സ്വകാര്യ ബസുകൾക്കും നഗര പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. തുടർന്ന് ആർ.ടി.ഒ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി.

സമിതി വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ജോളി ജോസഫ്, ട്രഷറർ ഫ്രാൻസിസ് അറയ്ക്കൽ, സെക്രട്ടറി ആന്റണി പുന്നത്തറ, കെ.എം. ധനഞ്ജയൻ, സെബി ഞാറക്കൽ, ടൈറ്റസ് പൂപ്പാടി, റോസിലി ജോസഫ്, ടി.കെ. മണി, ഒ.എസ്. ശ്രീജിത്, രാജു മാതിരപ്പിള്ളി, എം.എ. സേവിയർ തുടങ്ങിയവർ സംസാരിച്ചു.