കൊച്ചി: നവോത്ഥാന ശില്പിയായ ഡോ. പല്പുവിന്റെ 161ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ പുരസ്‌ക്കാരം ചേന്ദമംഗലം എം.വി. പ്രതാപന് നവംബർ രണ്ടിന് സമ്മാനിക്കും. ആലുവ അദ്വൈതാശ്രമത്തിൽ വൈകിട്ട് മൂന്നിന് ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പിയുടെ അദ്ധ്യക്ഷയിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പുരസ്കാരം സമർപ്പിക്കും.

ശ്രീനാരായണ സേവികാസമാജം ചെയർപേഴ്‌സൺ അഡ്വ. വി.പി. സീമന്തിനി ആമുഖഭാഷണം നടത്തും. അദൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണവും ശ്രീനാരായണ സാംസ്‌കാരിക സമിതി മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹൻ പല്പു അനുസ്മരണവും എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണവും നടത്തും.

സ്‌പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ മുഖ്യാതിഥിയാകും. എസ്.എൻ.ഡി.പി ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു, കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ എന്നിവർ സംസാരിക്കും.

കൺവീനർ കെ.കെ. പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ്. സുരേഷ് നന്ദിയും പറയും.