
കൊച്ചി: എറണാകുളം സെൻട്രൽ എ.സി.പിക്ക് കീഴിലുള്ള സ്റ്റേഷൻ. വമ്പൻ കേസുകൾക്ക് യാതൊരു കുറവുമില്ല. എന്നാൽ, പ്രതികളെ ഇടാൻ ലോക്കപ്പില്ല! സ്വന്തമായി ലോക്കപ്പില്ലാത്ത മെട്രോ നഗരത്തിലെ ഏക സ്റ്റേഷൻ എന്ന കുപ്രസിദ്ധി സ്വന്തമാക്കിയതാകട്ടെ എളമക്കര പൊലീസ് സ്റ്റേഷനും. അഞ്ച് കിലോമീറ്റർ അപ്പുറമുള്ള കളമശേരി സ്റ്റേഷനിലേക്കാണ് പ്രതികളെയും കൊണ്ട് എളമക്കര പൊലീസുകാർ പോകേണ്ടത്. 
പത്തുവർഷമാകുന്നു ഇടുങ്ങിയ കീർത്തിനഗർ - താന്നിക്കൽ റോഡരികിൽ ആറര സെന്റിലെ പഴഞ്ചൻ വാടക കെട്ടിടത്തിൽ സ്റ്റേഷൻ പിറവിയെടുത്തിട്ട്.  ഗേറ്റ് പൊളിച്ചുമാറ്റി ജീപ്പിന് അകത്തു കയറ്റിയിടാൻ പോലും സൗകര്യമുണ്ടാക്കിയത് അടുത്തിടെയാണ്. പരിമിതമായ സൗകര്യത്തിൽ പരമാവധി സൗകര്യങ്ങൾ സൃഷ്ടിച്ച് ഒരുവിധം കൊണ്ടുപോവുകയാണ് സ്റ്റേഷൻ.
എളമക്കര, ഇടപ്പള്ളി, അഞ്ചുമന, കലൂർ പ്രദേശങ്ങളിലുള്ളവരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഈ പ്രദേശത്തൊരു പൊലീസ് സ്റ്റേഷൻ. ആവശ്യങ്ങളണ്ടാകുമ്പോൾ അഞ്ചും ആറും കിലോമീറ്റർ സഞ്ചരിച്ചുവേണം അന്നത്തെ സ്റ്റേഷനായ കളമശേരിയിലെത്താൻ. ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ മുൻകൈയെടുത്താണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അനുമതിയാക്കിയത്. രമേശ് ചെന്നിത്തലയുടെ കാലത്ത് 2014ലായിരുന്നു ഉദ്ഘാടനം. സർക്കാർ കെട്ടിടവും ഭൂമിയും ലഭിക്കാത്തതിനെ തുടർന്ന് പെട്ടെന്ന് വാടകയ്ക്ക് സംഘടിപ്പിച്ചതാണ് ഈ പഴഞ്ചൻ കെട്ടിടം. 25,000 രൂപയാണ് വാടക.
ഒരു എസ്.എച്ച്.ഒ, ഒരു എസ്.ഐ., അഞ്ച് എ.എസ്.ഐമാർ എന്നിവർ ഉൾപ്പടെ 36 പേരാണ് സ്റ്റേഷനിലുള്ളത്.
മെട്രോ കൊച്ചിക്ക് നാണക്കേട്
അപകടത്തിൽപ്പെടുന്നതും പിടിച്ചെടുക്കുന്നതുമായ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇപ്പോൾ മുളവുകാട് സ്റ്റേഷനുസമീപമുള്ള പോർട്ട് ട്രസ്റ്റ് ഭൂമിയിലേക്ക് മാറ്റുന്നുണ്ട്. അതിന് മുമ്പ് കളമശേരി പൊലീസ് ക്യാമ്പിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്.
എസ്.എച്ച്.ഒമാർ മാറിവരുമ്പോൾ സ്റ്റേഷന് പുറമ്പോക്ക് ഭൂമി ലഭ്യമാണോയെന്ന് ചോദിച്ച് ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജ് ഓഫീസർമാർക്ക് കത്ത് നൽകും. പുറമ്പോക്ക് ഇല്ലെന്ന് മറുപടിയും ലഭിക്കും. അതോടെ തീർന്നു സ്വന്തം കെട്ടിടത്തിനായുള്ള അന്വേഷണം. സ്റ്റേഷൻ അതിർത്തിക്കുള്ളിൽ സർക്കാർ ഭൂമിയോ കെട്ടിടമോ ലഭ്യമല്ല. പുതിയവ വാങ്ങാൻ സർക്കാരിന് വകുപ്പുമില്ല.
• 6.5 സെന്റിലെ വാടകകെട്ടിടം
• ലോക്കപ്പില്ല
• നിന്നു തിരിയാൻ ഇടമില്ല
• തൊണ്ടി സൂക്ഷിക്കാൻ സ്ഥലമില്ല
• പാർക്കിംഗ് റോഡിൽ
• സന്ദർശകർക്ക് ഇരിപ്പിടമില്ല