panchayat-
ആലങ്ങാട്-കരുമാല്ലൂർ പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് കുന്നേൽ പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പഴയ ജലസംഭരണി

ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി പുതിയ ജലസംഭരണി നിർമ്മിക്കണമെന്ന തിരുമാനത്തിൽ തുടർനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്. ആലങ്ങാട്ടെ കുന്നേൽപള്ളിക്ക് സമീപമാണ് ആലങ്ങാട്,​ കരുമാല്ലൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം നടത്തുന്ന ടാങ്ക് സ്ഥിതി ചെയ്യുന്നത്. പതിനെട്ട് ലക്ഷം ലിറ്ററാണ് ഈ സംഭരണിയുടെ ശേഷി. നിലവിൽ ജനങ്ങളുടെ ആവശ്യത്തിന് കൂടുതൽ ജലം ആവശ്യമായ സാഹചര്യത്തിലാണ് ഈ ജലസംഭരണിയോട് ചേർന്നുള്ള സ്ഥലം ഏറ്റെടുത്ത് പുതിയ ടാങ്ക് നിർമ്മിക്കാൻ മാസങ്ങൾക്കുമുമ്പ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തത്. തുടർന്ന് മന്ത്രി പി.രാജീവിനും ജലഅതോറിറ്റിക്കും കത്ത് നൽകുകയും ചെയ്തു. എന്നാൽ നാളിതുവരെ ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും എടുത്തിട്ടില്ല. ഭൂരിഭാഗം ജനങ്ങളും പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നവരാണ്. ചൊവ്വരയിൽനിന്നും മുപ്പത്തടത്തുനിന്നും പമ്പിംഗ് നടത്തുന്ന പൈപ്പുകളിൽ അടിക്കടി പൊട്ടലുണ്ടാകുന്നതും പ്രഷർ കുറച്ചുള്ള പമ്പിംഗും കാരണം പലയിടത്തും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അതിനാൽ ജലസംഭരണി നിർമ്മാണം പഞ്ചായത്ത് ഉടൻ ഏറ്റെടുത്ത് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ ജലഅതോറിറ്റി യാതൊരു നടപടിയും എടുക്കാത്തതാണ് ടാങ്കുനിർമ്മാണം നീണ്ടുപോകാൻ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ടാങ്ക് നിർമാണം വൈകാൻ കാരണം. കുടിവെള്ള ടാങ്ക് നിർമ്മാണം ഉടൻ ആരംഭിക്കണം.

വിജി സുരേഷ്

പ്രതിപക്ഷ അംഗം

ഗ്രാമപഞ്ചായത്ത്