coconut

കർഷകർക്ക് ആഹ്ളാദം, കുടുംബ ബഡ്‌ജറ്റ് താളം തെറ്റുന്നു

കോലഞ്ചേരി: ദീർഘമായ ഇടവേളയ്‌ക്ക് ശേഷം കർഷകർക്ക് ആശ്വാസം പകർന്ന് വെളിച്ചെണ്ണ വില കത്തിക്കയറിയതോടെ ഇടത്തരക്കാരുടെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റുന്നു. ഉള്ളി, പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം എന്നീ പ്രധാന ഭക്ഷ്യ വിലക്കയറ്റത്തിൽ വലയുന്ന കുടുംബങ്ങൾക്ക് ഇരട്ടപ്രഹരമാണിത്.

ഒരു മാസം മുമ്പ് 45 48 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില 65 രൂപ കവിഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പ് 180ൽ നിന്ന വെളിച്ചെണ്ണ വില 240 രൂപയിലെത്തി. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

തേങ്ങ കിട്ടാനില്ല

വിളവ് കുറഞ്ഞതോടെ നാട്ടിൽ തേങ്ങ കിട്ടാനില്ല. തൃശൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്നുള്ള തേങ്ങ വരവും കുറഞ്ഞു. ലക്ഷദ്വീപിൽ നിന്നും ആവശ്യത്തിന് തേങ്ങ എത്തുന്നില്ല. ഒന്നിടവിട്ട വർഷമാണ് തെങ്ങിന് നല്ല വിളവ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പാണ്ടിത്തേങ്ങയുടെ വരവ് കുറഞ്ഞതും പ്രതികൂലമായി. വില കൂടിയതോടെ പാണ്ടിത്തേങ്ങ കൊപ്രയാക്കി മാ​റ്റുന്നതാണ് പ്രധാന വെല്ലുവിളി.

ഭക്ഷ്യ എണ്ണകൾക്കും വില കൂടി

വെളിച്ചെണ്ണയ്ക്കൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളായ പാമോയിൽ സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും വില കൂടി. 100 ൽ നിന്ന പാമോയിൽ 130 രൂപയിലേക്കും 120 ൽ നിന്ന് സൺഫ്ളവർ 145 രൂപയിലേക്കുമാണ് ഉയർന്നത്.

പൊതിച്ച തേങ്ങയുടെ വില 65 രൂപ

വെളിച്ചെണ്ണ വില 240 രൂപയിലേക്ക്