mala2

കൊച്ചി: മുംബയ് പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് നടത്തി വൻതുക തട്ടിയെടുക്കാൻ ശ്രമിച്ച സൈബർസംഘത്തിൽ നിന്ന് രക്ഷപെട്ട് നടി മാല പാർവതി. തട്ടിപ്പ് സംഘം അയച്ച തിരിച്ചറിയൽ കാർഡിൽ അശോകസ്‌തംഭം ഇല്ലാത്തതാണ് തുണയായത്. രണ്ടു മണിക്കൂറോളം മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ അനുവദിക്കാത്ത സംഘം ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ വാങ്ങി.

തമിഴ്നാട്ടിലെ മധുരയിൽ സിനിമാ ഷൂട്ടിംഗിലായിരുന്ന പാർവതിയെ തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത് ഞായറാഴ്‌ച രാവിലെ 11.58നാണ്. പാർവതിയുടെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് തായ്‌വാനിലേക്ക് അയച്ച കൊറിയർ പിടിച്ചുവെന്നും അതിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എ,പാസ്‌പോർട്ട്,ക്രെഡിറ്റ് കാർഡ്,ലാപ് ടോപ്പ് എന്നിവ കസ്റ്റംസ് പിടിച്ചെന്നും അവർ കോളിലൂടെ അറിയിച്ചു. വിക്രം സിംഗെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സംസാരിച്ചത്.

അതേസമയം,മുംബയിൽ അറസ്റ്റിലായ രാഷ്ട്രീയനേതാവ് നവാബ് മാലിക്കിന്റെ സംഘമാണ് കൊറിയർ അയച്ചതെന്നും. നേതാവിനെ അറസ്റ്റുചെയ്ത ചിത്രവും കൊറിയർ അയച്ചതും സ്വീകരിച്ചതുമായവരുടെ വിലാസവും ഫോൺ നമ്പരുകളും നൽകി. കശ്‌മീരിൽ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ ആധാർ നമ്പർ ദുരുപയോഗിച്ചെന്നും രക്ഷപെടാൻ സഹായിക്കാമെന്നും നരേഷ് ഗുപ്‌ത എന്നയാൾ നിർദ്ദേശിച്ചു. കൃത്യമായ വിവരങ്ങളും ഫോൺ നമ്പരുകളുമുൾപ്പെടെ പറഞ്ഞപ്പോൾ വിശ്വസിച്ചു. തുടർന്ന് ഇൻസ്‌പെക്ടറെന്ന് പരിചയപ്പെടുത്തി പ്രകാശ് കുമാർ ഗുണ്ടു എന്നയാളും സംസാരിച്ചു. ഇയാൾ ഐ.ഡി കാർഡും കണിച്ചു. എന്നാൽ കാർഡിൽ അശോകസ്‌തംഭമില്ലായിരുന്നു. സംശയം തോന്നി പ്രകാശ് കുമാർ ഗുണ്ടുവെന്ന് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് ഇതേപേരിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അറിഞ്ഞത്. ഇതോടെ ഫോൺ കട്ടുചെയ്യുകയായിരുന്നു. മാനേജർ ലാൽ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല.

വിശ്വസനീയമായി

രണ്ടു മണിക്കൂറിനിടെ നാലുപേർ സംസാരിച്ചതും വിശ്വസനീയമായെന്ന് മാല പാർവതി കേരളകൗമുദിയോട് പറഞ്ഞു. രാജ്യവിരുദ്ധസംഘം ആധാർ ദുരുപയോഗിച്ചതാണെന്നും സി.ബി.ഐ ഉൾപ്പെടെ അന്വേഷിക്കുന്ന കേസിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞതിൽ വിശ്വസിച്ചു. ഫോൺ കട്ട് ചെയ്‌തശേഷം വീണ്ടും വിളിച്ചിട്ടില്ല. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും പാർവതി പറഞ്ഞു.

വെർച്വൽ അറസ്റ്റ്

നിയമക്കുരുക്കിൽപ്പെട്ടതായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സൈബർ രീതിയാണ് വെർച്വൽ അറസ്റ്റ്. ഫോണുൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ വഴി ബന്ധപ്പെട്ട് ഒരാളെ കുറ്റവാളിയാക്കി ചിത്രീകരിക്കും. ഫോൺ കട്ടാക്കാനോ മറ്റാരുമായും വിവരം പങ്കിടാനോ അനുവദിക്കാതെ നിറുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം തട്ടിയെടുക്കും. ഇങ്ങനെ തുടരുന്ന സമയത്തെ വെർച്വൽ അറസ്റ്റ് എന്നു വിളിക്കുന്നു.