 
അങ്കമാലി: ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച പീച്ചാനിക്കാട് ഗവ. യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ. 1950ൽ ഗവ. എൽ.പി സ്ക്കൂൾ ആരംഭിക്കുന്നതിന് മുമ്പ് കൊല്ലൻമൂല എന്ന പ്രദേശത്ത് നാലാം ക്ലാസ് വരെയുള്ള ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നു. എന്നാൽ സ്ഥലത്തിന്റെ അവകാശത്തർക്കത്തെ തുടർന്ന് ഇതിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. ഇതോടെയാണ് ഒരു പൊതു വിദ്യാലയത്തിനുള്ള ശ്രമം നാട്ടുകാർ ആരംഭിച്ചത്. കൂരൻ താഴത്തുപറമ്പിൽ കെ.വി. പൗലോസ് എന്നയാൾ വിദ്യാലയം തുടങ്ങുന്നതിനായി 50 സെന്റ് ഭൂമി സൗജന്യമായും 50 സെന്റ് ഭൂമി സർക്കാർ വിലയിലും വിട്ടു നൽകി. പി.വി. റാഫേൽ, ആറ്റാശേരി മന നാരായണൻ നമ്പൂതിരി, കൂരൻ താഴത്തു പറമ്പിൽ മത്തായി പൗലോസ്, എ.സി. പൗലോസ് ആലുക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്. 1950 ൽ എൽ.പി.സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1960 -61 ൽ യു.പി സ്കൂളായി ഉയർത്തി. 1970ൽ ശരാശരി 40 കുട്ടികളുള്ള 20 ഡിവിഷനുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ 2012-13 കാലത്ത് കേവലം 30 കുട്ടികൾ മാത്രമായി പ്രവർത്തിക്കേണ്ടി വന്നു. ഇതോടെ സ്കൂൾ വികസന സമിതി രൂപീകരിച്ച് അദ്ധ്യാപകരുടെയും നാട്ടുകാരുടേയും ശ്രമഫലമായി പ്രവേശനത്തിൽ വർദ്ധന ഉണ്ടായി. ഇപ്പോൾ പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പെടെ 163 കുട്ടികൾ ഇവിടെ പഠിക്കുന്നു. ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, ഡോ. ഏല്യാസ് ആലുക്കൽ, എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത തുടങ്ങിയവരാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസാണ് ഉദ്ഘാടനം ചെയ്തത്.