 
കിഴക്കമ്പലം: ആലുവ - മൂന്നാർ നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളിൽ എന്നിവർ പങ്കെടുത്തു. തെക്കേവാഴക്കുളം തടിയിട്ടപറമ്പ് മുസ്ലീം ജമാഅത്തിന്റെ കബർസ്ഥാനം വരുന്ന ഭാഗം പൂർണമായും ഒഴിവാക്കി അലൈൻമെന്റിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചതായി പി.വി. ശ്രീനിജിൻ അറിയിച്ചു. റോഡിന്റെ വീതി കുറയ്ക്കാതെ മീഡിയൻ ഷോൾഡർലെവൽ ഫുട്പാത്ത് എന്നിവയുടെ വീതികുറച്ച് കബർസ്ഥാനം പൂർണമായും സംരക്ഷിക്കുന്ന തരത്തിലായിരിക്കും പുതിയ അലൈൻമെന്റ്. കിഫ്ബി സി.ഇ.ഒ ഡോ. എബ്രാഹം, അഡീഷണൽ സി.ഇ.ഒ മിനി ആന്റണി, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.