raihan
റൈഹാൻ സമീർ

പെരുമ്പാവൂർ: ബലൂണുകളിൽ വിവിധ രൂപങ്ങൾ ഒരുക്കി വിസ്മയം സൃഷ്ടിക്കുന്ന ബലൂൺ ആർട്ടിസ്റ്റ് റൈഹാൻ സമീറിന് എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ ബാലപ്രതിഭാ പുരസ്കാരം ലഭിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം സമ്മാനിക്കും. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വഴി ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ് ജേതാവായ ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ നടത്തിയ ബലൂൺ ആർട്ട് കോഴ്സിൽ ചേർന്നാണ് റൈഹാൻ ഈ കല പഠിച്ചത്. വി.എച്ച്.എസ് സ്കൂൾ അദ്ധ്യാപകൻ സമീർ സിദ്ദീഖിയും ബേക്കിംഗ് സ്ഥാപന ഉടമ കൂടിയായ മാതാവ് തസ്നിം സമീറും നൽകിയ പിന്തുണയാണ് റൈഹാന് പ്രചോദനമായത്. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ. സ്വന്തമായി റൈഹാൻ ടെക്ക് ആൻഡ് വ്ളോഗ്സ് എന്നേ പേരിൽ ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അബാക്കസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് ബലൂൺ കൊണ്ട് വിവിധ രൂപങ്ങൾ തയ്യാറാക്കി കൊടുക്കുന്നതിലൂടെ ചെറിയൊരു വരുമാനവും ലഭിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കന്. അവധിക്കാലത്ത് നിരവധി സ്കൂളുകളിലും അങ്കണവാടികളിലും ബി.ആർ.സികളിലും ക്ലാസുകൾ എടുക്കുകയും ചെയ്യുന്നുണ്ട് റൈഹാൻ.