പെരുമ്പാവൂർ: എ.എം റോഡിൽ ആലുവ മുതൽ കോതമംഗലം വരെയുള്ള ഭാഗം നാലുവരി ആക്കുമ്പോൾ കബർസ്ഥാനുകൾ പൊളിക്കേണ്ടതില്ല എന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി ഉന്നതതലയോഗം തീരുമാനിച്ചതായി എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളി, പി.വി. ശ്രീനിജൻ, ആന്റണി ജോൺ എന്നിവർ അറിയിച്ചു. കബർസ്ഥാനുകൾ വരുന്ന ഇടങ്ങളിൽ റോഡിന്റെ മീഡിയൻ, നടപ്പാതയുടെ വീതി എന്നിവ കുറയ്ക്കും. ഇവിടങ്ങളിൽ പരമാവധി ടാറിംഗ് വീതിയായ 15.5 മീറ്റർ തന്നെ ഉറപ്പുവരുത്താൻ കബർസ്ഥാൻ പൊളിക്കാതെ തന്നെ കഴിയുമെന്ന് അധികൃതർ വിലയിരുത്തി. കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ.എം. എബ്രഹാമിന്റെ സാന്നിദ്ധ്യത്തിലാണ് തീരുമാനം എടുത്തത്.