court

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളിൽ കേസെടുക്കാവുന്നവയുണ്ടെന്ന് ഹൈക്കോടതി. ഇത് ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം കുറ്റകൃത്യത്തെക്കുറിച്ചുള്ള 'വിവര"മായി കണക്കാക്കി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തിന് കോടതി നിർദ്ദേശം നൽകി. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.

പരാതികളിൽ വസ്തുതയുണ്ടോയെന്ന് വിലയിരുത്തുന്നതും പ്രധാനമാണ്. കേസെടുത്ത ശേഷം അതിജീവിതകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താം. പുതിയ മൊഴി നൽകാൻ ആരെയും നി‌ർബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തണം. വസ്തുതയുള്ള പരാതികളിൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം.വസ്തുതയില്ലാത്ത പക്ഷം റഫർ റിപ്പോർട്ട് നൽകി നടപടികൾ അവസാനിപ്പിക്കണം. മൊഴിയിലും എഫ്.ഐ.ആറിലും അതിജീവിതയുടെ പേരുവിവരങ്ങൾ രഹസ്യമാക്കണം. ഈ രേഖകൾ അപ്‌ലോഡ് ചെയ്യാനോ പരസ്യമാക്കാനോ പാടില്ല. പകർപ്പ് ഇരകൾക്ക് മാത്രമേ ആദ്യം പൊലീസ് കൈമാറാവൂ. പ്രതിഭാഗത്തിന് അന്തിമ റിപ്പോർട്ട് നൽകുമ്പോൾ മാത്രമേ പരാതിക്കാരുടെ മൊഴിപ്പകർപ്പ് നൽകേണ്ടതുള്ളൂവെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ലഹരി ഉപയോഗം അന്വേഷിക്കണം

സിനിമാ ലൊക്കേഷനിലെയും അനുബന്ധ തൊഴിൽ ഇടങ്ങളിലെയും മദ്യ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ല. കുറ്റക്കാർക്കെതിരെ നടപടി വേണം.
ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടും ഇതിനെ എതിർത്തുമുള്ള ഒരു കൂട്ടം ഹർജികളാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ഹർജിക്കാർ ഉന്നയിച്ച വിഷയങ്ങളിൽ സമഗ്രമായ മറുപടി സ‌ർക്കാർ ഒരാഴ്ചയ്‌ക്കകം ഫയൽ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജികൾ 28ന് വീണ്ടും പരിഗണിക്കും.