കുട്ടമ്പുഴ: ഓൾഡ് ആലുവ മൂന്നാർ രാജപാത (പൊതുമരാമത്ത് റോഡ്) വീണ്ടും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയിലെ ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ 18ന് മാങ്കുളം ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ഷാജി പയ്യാനിക്കൽ അറിയിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കീരംപാറ, കുട്ടമ്പുഴ, അടിമാലി , മൂന്നാർ, ഇടമലകുടി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. കോതമംഗലത്ത് നിന്ന് ആരംഭിച്ച് കീരംപാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, കുഞ്ചിയാർ, കുന്ത്രപുഴ, കുറത്തികുടി പെരുമ്പൻകുത്ത്, 50ാം മൈൽ, നല്ലതണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തിചേരുന്ന റോഡാണ് ഓൾഡ് രാജപാത.
കോതമംഗലത്ത് നിന്നും പൂയംകുട്ടി വരെ 29കിലോമീറ്ററും കുറത്തികുടി മുതൽ പെരുമ്പൻകുത്ത് വരെ 5കിലോമീറ്ററും നല്ലതണ്ണി കല്ലാർ ടീ എസ്റ്റേറ്റ് മുതൽ മൂന്നാർ വരെ 8 കിലോമീറ്ററും ഉൾപ്പെടെ 42കി.മീ റോഡ് മാത്രമാണ് ഇപ്പോൾ ഗതാഗതം അനുവദിച്ചിട്ടുള്ളത്. പൂയംകുട്ടി മുതൽ കുറത്തിക്കുടിവരെയുള്ള 21കി.മീ ദൂരം റിസർവ് വനത്തിനുള്ളിൽ കൂടി കടന്നുപോകുന്നതിനാൽ വനംവകുപ്പ് പൂയംകുട്ടിയിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ ഒരു കാലത്തും ഗതാഗത സൗകര്യങ്ങൾ ഉണ്ടാകാതാരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ യോഗമാണ് 18ന് ചേരുന്നതെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.