മരട്: കുണ്ടന്നൂർ - തേവരപ്പാലം നിർമ്മാണ പ്രവൃത്തികൾക്കായി ഒരു മാസം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും കളക്ടർക്കും മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കത്തയച്ചു.
പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂർ -ഇടക്കൊച്ചി വഴിയായിരിക്കും സഞ്ചരിക്കേണ്ടി വരിക. അതിനാൽ വലിയതുക ടോളായി നൽകേണ്ടിവരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളിൽനിന്ന് ഒഴിവാക്കണമെന്ന് നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു. കൂടുതൽ വാഹനങ്ങൾ ടോൾ പ്ലാസയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമമെങ്കിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടാകും.
രണ്ടു മാസംമുൻപ് അറ്റകുറ്റപ്പണി എന്ന പേരിൽ രണ്ടുദിവസം ഈ പാലം അടച്ചിട്ടപ്പോൾ കൊച്ചി നഗരത്തിലാകെ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ബദൽ മാർഗമായി സഞ്ചരിച്ചിരുന്ന ചിലവന്നൂർ ബണ്ട് റോഡിലെ നിർമ്മാണ പ്രവൃത്തികൾ ഇതുവരെ പൂർത്തിയാക്കിയിട്ടുമില്ല അതിനാൽ ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും നിർമ്മാണ പ്രവൃത്തി തുടങ്ങുന്ന സമയത്ത് ഒറ്റവരി ഗതാഗതനിയന്ത്രണമോ രാത്രികാല ഗതാഗത നിരോധനമോ ഏർപ്പെടുത്തി ടാറിംഗ് സമയത്ത് പൂർണമായി അടച്ചിട്ട് സമയബന്ധിതമായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാവശ്യമായ സാദ്ധ്യതകളും പരിശോധിക്കണം. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടിമില്ലാതെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും ചെയർമാൻ അറിയിച്ചു.