
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തള്ളി. അനുബന്ധ ഹർജിയായി ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകില്ലെന്ന് വിലിയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി. ഉചിതമായ തുടർനടപടി സ്വീകരിക്കാൻ അതിജീവിതയ്‌ക്ക് തടസമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിച്ചതിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് തള്ളി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. മുമ്പ് നൽകിയ ഹർജിയിലും പൊലീസ് അന്വേഷണാവശ്യം ഉണ്ടായിരുന്നു. അത് അനുവദിക്കാതെ, ജില്ലാ സെഷൻസ് ജഡ്ജിയോട് വസ്തുതാന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു. ഇതിൽ അനുബന്ധ ഹർജിയായി പൊലീസ് അന്വേഷണാവശ്യം വീണ്ടും ഉന്നയിക്കാനാകില്ലെന്നാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
അതിജീവിതയുടെ ആവശ്യത്തെ, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് എതിർത്തിരുന്നു. നടിക്ക് അനുകൂല നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.
ജില്ലാ പ്രൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് നേരത്തെ വസ്തുതാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിൽ 2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, 2021 ജൂലായ് 19 ന് എറണാകുളം സി.ബി.ഐ.സ്‌പെഷ്യൽ കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.തുടർന്നാണ് ലൈംഗികാതിക്രമ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്ന ആശങ്ക ഉന്നയിച്ച് അതിജീവിത പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്.