കൊച്ചി: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മഹാത്മാഗാന്ധിയെ പുകഴ്ത്തിപ്പറയുന്ന ഭരണാധികാരികൾ തിരികെ ഇന്ത്യയിലെത്തി ഗാന്ധിമുക്ത ഭാരതത്തിനു വേണ്ടി പരിശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് എഴുത്തുകാരൻ ടി. പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡി.സി.സിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'ഗാന്ധി ഇന്ത്യയുടെ ആത്മചൈതന്യം, ഓരോ അണുവിലും അലിഞ്ഞുചേർന്ന അഗ്‌നി' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഓർമകൾ പോലും മായിച്ചുകളയുവാനുള്ള കഠിനമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നു. അത്തരം ശ്രമങ്ങളെ തകർത്ത് ഗാന്ധി എന്ന ആശയം രാജ്യമുള്ളിടത്തോളം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ വേർതിരിവുകൾ സൃഷ്ടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാതെ ഐക്യത്തോടെ നയിച്ച നേതൃപാടവമാണ് മഹാത്മാഗാന്ധിയെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു. ഡോ. പി.കെ. അബ്ദുൽ അസീസ്,
ഡോ. സെൽവി സേവ്യർ, ഡോ. ദിലീപ്കുമാർ, ഡോ.ടി.എസ്. ജോയ്, ഡോ. ജിന്റോ ജോൺ, കെ.പി. ബാബു, ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.