 
ആലുവ: മത വിശ്വാസം സ്വകാര്യ കാര്യമാണെന്നും പൊതുനിരത്തിൽ പ്രകടിപ്പിക്കേണ്ടതല്ലെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി പറഞ്ഞു. സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് മതമായാലും ജാതിയും ഉപജാതിയും കൈവിടാതെയാണ് ഇന്ത്യൻ ജനത ആചാരങ്ങളെ പിന്തുടരുന്നത്. സർക്കാർ ഓഫീസുകളിൽ പോലും മതചിഹ്നങ്ങളുണ്ട്. പ്രാർത്ഥനകളല്ല ജീവിതം, പ്രാർത്ഥനകളുടെ ഇടയിൽ നാം എന്തു ചെയ്യുന്നോ അതിനാണ് പ്രാധാന്യം.
കമ്മ്യൂണലിസത്തിന് എതിരെയുള്ള ചെറുത്തുനിൽപ്പ് ശക്തമായി നടക്കുന്ന ഇന്ത്യയിലെ അവസാന തുരുത്താണ് കേരളം. കാവിവത്കരണത്തിന് വിധേയരാകാതെ കേരളം ജാഗ്രത പാലിക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ മറക്കില്ലെന്ന് അദ്ധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐയുടെ വളർച്ചയിൽ ഗുരുദേവ ദർശനങ്ങൾക്കും പങ്കുണ്ട്. ശ്രീനാരായണ ഗുരുവിനെ ഹിന്ദുത്വത്തിന്റെ ആലയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുകയാണ്. അന്ധമായ മുസ്ലീം വിരോധം പ്രകടിപ്പിക്കുന്ന ബി.ജെ.പി ദളിതരെയും ആദിവാസികളെയും പിന്നാക്കക്കാരെയും ഹിന്ദുവായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. മോഹൻ ഗോപാൽ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ഗീത നസീർ, ആർ. രാജഗോപാൽ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എക്സിക്യുട്ടീവ് അംഗം എ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ കെ.കെ. അഷറഫ്, കമലാ സദാനന്ദൻ, സംസ്ഥാന കൗൺസിലംഗങ്ങളായ ബാബുപോൾ, ഇ.കെ ശിവൻ, എൻ. അരുൺ, പി.കെ. രാജേഷ്, ടി. രഘുവരൻ, ശാരദാ മോഹൻ എന്നിവർ സംബന്ധിച്ചു.