bala

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചെന്ന ആദ്യ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിലായി. ഇന്നലെ പുലർച്ചെ അഞ്ചി​നാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക്‌ ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

മാദ്ധ്യമങ്ങളിലൂടെ മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ പ്രചാരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബാല മകൾക്കും മുൻ ഭാര്യയ്ക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ ഇവരുടെ സഹായമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ഇവരെ ചോദ്യം ചെയ്യും.

വിവാഹമോചനം നേടിയ ശേഷവും ബാല പിന്തുടർന്ന് വേട്ടയാടുകയാണെന്നും മകളുടെ സമൂഹമാദ്ധ്യമങ്ങൾ തുടർച്ചയായി നിരീക്ഷിച്ച് പെയ്ഡ് ഓൺലൈൻ ചാനലുകൾ വഴി അപകീർത്തിപ്പെടുത്തുകയാണെന്നും മുൻഭാര്യയുടെ പരാതിയിൽ പറയുന്നു.

''കേസ് കെട്ടിച്ചമച്ചതാണ്. ആരെയും അപമാനിച്ചിട്ടില്ല. 2019ന് ശേഷം പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല. തന്നെ അറസ്റ്റ് ചെയ്തതിലല്ല, സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോഴാണ് വേദനി​ക്കുന്നത്. അറസ്റ്റ് എന്തി​നെന്ന് മനസിലാകുന്നില്ല. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും

-ബാല

(മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്)