ആലുവ: അദ്വൈതാശ്രമത്തിൽ നടന്ന ആദ്യ സർവമത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുദേവൻ എട്ട് വാക്കുകളിലാണ് തന്റെ സന്ദേശം ലോകജനതയ്ക്ക് നൽകിയതെന്ന് ദേശീയ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടർ പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു. 'എല്ലാ മതങ്ങളുടെയും പരമ ഉദ്ദേശ്യം ഒന്നാണെന്നും ഭിന്നമത അനുയായികൾ തമ്മിൽ കലഹിക്കേണ്ട കാര്യമില്ല" എന്നുമാണ് ഗുരു പറഞ്ഞത്. ഏറിയാൽ അഞ്ച് മിനിറ്റ് മാത്രമായിരുന്നു ഗുരുവിന്റെ സംസാരം. സർവമത സമ്മേളനത്തിലെ ഗുരുവിന്റെ പ്രസംഗം ഹൃദയത്തിൽ ഏറ്റെടുത്താൽ സൗഹാർദ്ദപരമായി കഴിയാനാകും. ആദ്യ സർവമത സമ്മേളനം കഴിഞ്ഞ് 19 -ാം മാസം കേരളകൗമുദി പത്രാധിപർ സി.വി. കുഞ്ഞുരാമനുമായി നടത്തിയ സംവാദത്തിൽ എന്തിനാണ് ആവശ്യമില്ലാത്ത മത കലഹമെന്ന് വിശദമാക്കിയിട്ടുണ്ടെന്നും പ്രൊഫ. മോഹൻ ഗോപാൽ പറഞ്ഞു.