കാക്കനാട്: തൃക്കാക്കര നഗരസഭയിലെ മുസ്ലീംലീഗ് അംഗം പി.എം. യൂനുസ് രാജിവച്ച വൈസ് ചെയർമാന്റെ ഒഴിവിലേക്ക് 23ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടക്കും. നാലു സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരുടെ നിലപാട് നിർണായകമാകും.
യു ഡി എഫ് - 21, എൽഡിഎഫ് -17, സ്വതന്ത്രർ 5 എന്നിങ്ങനെയാണ് അംഗബലം.
ലീഗിലെ പടലപ്പിണക്കംമൂലം ഒരുവർഷംമുമ്പ് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്ഥാനം ഉറപ്പിക്കാൻ സ്വതന്ത്രഅംഗം ഷാന അബ്ദുവിനെ അഞ്ചുമാസത്തേക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്ന് യൂനുസ് വിഭാഗം വാഗ്ദാനം നൽകിയിരുന്നു. അത് നടപ്പാക്കുന്നതിന് വേണ്ടിയാണ് യൂനുസ് ചെയർമാൻസ്ഥാനം രാജിവച്ചത്.
സ്വതന്ത്രരായ ഓമന സാബു, ഷാജി പ്ലാശേരി എന്നിവർക്ക് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിനുശേഷം വികസനം, ആരോഗ്യം സ്ഥിരംസമിതി അദ്ധ്യക്ഷ പദവി നൽകാമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം. തുടക്കം മുതൽ യുഡിഎഫിന് ഒപ്പം നിന്നിട്ടും സ്ഥിരംസമിതി അദ്ധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കൗൺസിലർ കാദർ കുഞ്ഞ്. ഇത്തവണയും എൽ.ഡി.എഫ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന സ്വതന്ത്രനെത്തന്നെ മത്സരിപ്പിക്കാനാണ് സാദ്ധ്യത.