
കൊച്ചി: സി.ബി.എസ്.ഇ. കൊച്ചി സഹോദയ കലോത്സവത്തിന്റെ ആദ്യദിനത്തിൽ 140 പോയിന്റോടെ വൈറ്റില ടോക് എച്ച്. പബ്ലിക് സ്കൂൾ മുന്നിൽ. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 121പോയിന്റോടെ രണ്ടാം സ്ഥാനത്തും ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ 120 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളും പരമഭട്ടാര കേന്ദ്രീയ വിദ്യാലയവുമാണ് വേദികൾ. ഭരതനാട്യം, നാടോടി നൃത്തം, സംഘനൃത്തം, മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, ഒപ്പന, സംഘഗാനം, ദേശഭക്തി ഗാനം, മലയാളം-ഹിന്ദി-അറബിക് പദ്യപാരായണം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, കാർട്ടൂൺ, ഇംഗ്ലീഷ് - മലയാളം - ഹിന്ദി, കഥാ രചന , കവിതാ രചന, ഉപന്യാസ രചന തുടങ്ങിയ ഇനങ്ങളിലായിരുന്നു ആദ്യദിനം മത്സരങ്ങൾ.
സംഗീത സാന്ദ്രമായി ശാസ്ത്രീയ സംഗീത വേദി
കൊച്ചിൻ റിഫൈനറീസ് സ്കൂളിലെ ഏട്ടാം വേദി സംഗീത സാന്ദ്രമാക്കിയാണ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി എം. ഗൗതം ശാസ്ത്രീയ സംഗീതം മൂന്നാം വിഭാഗത്തിൽ ഒന്നാമനായത്. കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും ഒന്നാം സ്ഥാനവുമായി സംസ്ഥാന തലത്തിലേക്ക് ഗൗതം യോഗ്യത നേടിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കായി ഡൽഹിയിൽ നടന്ന ദേശീയശാസ്ത്രീയ സംഗീത മത്സരത്തിലും ഒന്നാമനായി. സംഗീതാധ്യാപകനായ പിതാവ് ഡോ. എം. മധുവാണ് ഗുരു.
കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരം: മുത്തുമണി
തിരുവാണിയൂരിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം നിർവഹിച്ചു. മത്സരങ്ങളിലെ വിജയമല്ല, കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമായി കണക്കാക്കണമെന്നും മുത്തുമണി സോമസുന്ദരം പറഞ്ഞു. കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു അദ്ധ്യക്ഷനായി കൊച്ചിൻ റിഫൈനറീസ് സ്കൂളിലും പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലുമാണ് മത്സര വേദികൾ.
കലോത്സവം
3 ദിനങ്ങൾ
43 സ്കൂളുകൾ
3200 മത്സരാർത്ഥികൾ
മത്സരങ്ങൾ
26 സ്റ്റേജുകളിൽ
4 വിഭാഗങ്ങളിൽ
140 ഇനങ്ങളിൽ