കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടശേഷം കാർ നിറുത്താതെ പോയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായി. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി മുഹമ്മദ് ഫഹീമിന്റെ പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ മാസം എട്ടിന് പാർക്ക് അവന്യു റോഡിലായിരുന്നു അപകടം. എതിർദിശയിൽ വന്ന ശ്രീനാഥ് ഭാസിയുടെ വാഹനം ബൈക്കിൽ വരികയായിരുന്ന ഫഹീമിനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഫഹീമിന്റെ വലതുകാൽ പാദത്തിന് പരിക്കേറ്റു. വഴിയാത്രക്കാരാണ് ആശുപത്രിയിലാക്കിയത്.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കാറിന്റെ മിറർ സംഭവസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. തുടരന്വേഷണത്തിലാണ് കാർ ഓടിച്ചിരുന്നത് ശ്രീനാഥ് ഭാസിയാണെന്ന് കണ്ടെത്തിയത്.