കൊച്ചി: രാജ്യത്തെ വ്യാവസായിക വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് യുവാക്കളാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സെന്റ് തെരേസാസ് കോളേജിൽ നടത്തിയ മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യം നോളജ് ഹബ്ബായി മാറുന്നുവെന്ന് അഭിമാനത്തോടെ പറയാനാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കേരളമെന്നും അവർ ചൂണ്ടിക്കാട്ടി. അഞ്ചു വർഷം കൊണ്ട് ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകുമെന്ന ഉറപ്പാണ് കേന്ദ്രം നൽകിയത്. രാജ്യത്തെ എണ്ണം പറഞ്ഞ കമ്പനികളിലാണ് ഇത്തരം അവസരങ്ങൾ ഒരുക്കുന്നത്. 6,000രൂപ വരെ അലവൻസ് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. കേരളത്തിൽ നിന്ന് 1,800 പേർക്ക് ഇന്റേൺഷിപ്പ് പദ്ധതിക്ക് അവസരങ്ങളൊരുങ്ങി. ഇതിന്റെ മൂന്നിലൊന്നും കൊച്ചിയിലാണ്.
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട 190ലേറെ സ്റ്റാർട്ടപ്പുകളാണ് ഇതിനോടകം ആരംഭിച്ചത്. 75 ശതമാനത്തിലേറെ സ്വകാര്യ നിക്ഷേപമാണ് ഇതിലേക്ക് വന്നത്. ഈ രംഗത്തും കേരളത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണെന്നും ധനമന്ത്രി പറഞ്ഞു.
സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ വിനിത, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സുചിത എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് ചർച്ചയിൽ മോഡറേറ്ററായി.
നോക്കുകൂലി നിറുത്തിയാൽ
കുടിയേറ്റം കുറയും
കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമായ യുവാക്കളുടെ കൊഴിഞ്ഞുപോക്കിന് അറുതിവരണമെങ്കിൽ നോക്കുകൂലി നിറുത്തലാക്കണമെന്ന് നിർമ്മല സീതാരാമൻ. വിദ്യാർത്ഥികളുമായുള്ള സംവാദത്തിലായിരുന്നു നർമ്മം കലർത്തിയുള്ള പ്രതികരണം.
കുടിയേറ്റം കേരളത്തിന് പുതുമയല്ല. യൂറോപ്പിലും ഗൾഫ് നാടുകളിലും എണ്ണപ്പാടങ്ങളും ശുദ്ധീകരണശാലകളും മറ്റ് വ്യവസായങ്ങളും സുഗമമായി പ്രവർത്തിക്കുന്നത് കേരളത്തിൽ നിന്ന് അവിടേക്ക് പോയവർ മൂലമാണെന്നത് ശ്രദ്ധേയമാണ്.
നോക്കുകൂലി കേരളത്തിന് മോശം അഭിപ്രായം സമ്മാനിച്ച വിപത്താണെന്നും അവർ വിമർശിച്ചു.
കേന്ദ്രം സബ്‌സിഡികൾ നിറുത്തലാക്കിയെന്നത് തെറ്റായ പ്രചാരണമാണ്. എക്കാലത്തും ചെറുകിട വ്യവസായങ്ങൾക്കൊപ്പമാണ് കേന്ദ്രമെന്നും അവയ്ക്ക് ഈടില്ലാത്ത വായ്പ വരെ ലഭ്യമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.