
കൊച്ചി: ലൈംഗിക ഉദ്ദേശ്യത്തോടെ വീട്ടമ്മയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. തേവര മട്ടമ്മൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ചന്ദ്രനാണ് (29) സൗത്ത് പൊലീസിന്റെ പിടിയിലായത്. തേവരയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.രാവിലെ ഒമ്പതോടെ വീട്ടിൽ നിന്ന് ജോലിക്കായി ഇറങ്ങിയ യുവതിയെ ക്ലിന്റ് റോഡിൽ വച്ച് പ്രതി കടന്നുപിടിക്കുകയായിരുന്നു. ഇവർ അലറിക്കരഞ്ഞതോടെ ഓടിരക്ഷപ്പെട്ട ചന്ദ്രൻ പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഇന്നലെ തിരിച്ചെത്തിയത് അറിഞ്ഞ് തേവരഭാഗത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സി.സി.ടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവം പൊലീസ് കേസാകില്ലെന്ന് കരുതി തിരിച്ചെത്തിയ ചന്ദ്രൻ ജോലിക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കെയാണ് പിടിയിലായത്. ചന്ദ്രനും കുടുംബവും വർഷങ്ങളായി മട്ടമ്മൽ ഭാഗത്ത് താമസിച്ച് വരികയാണ്. വിവാഹിതനാണിയാൾ.