നെടുമ്പാശേരി: നാദാപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി.കെ. ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നാല് മസ്ലീം ലീഗ് പ്രവർത്തകർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് പിടിയിലായി. നാദാപുരം സ്വദേശികളായ മുഹമ്മദ് ജെസിയം, ഷുഹൈബ് മൊയ്ദു, മുനീർ, അബ്ദുൾ സമദ് എന്നിവരാണ് പിടിയിലായത്.

ദോഹയിലായിരുന്ന പ്രതികൾ ഇന്നലെ വൈകിട്ട് നാലരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ നാദാപുരം പൊലീസിന് കൈമാറി.

2015 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കേസിലെ 17 പ്രതികളെയും നാദാപുരം വിചാരണ കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ നാലിന് ഹൈക്കോടതി ഏഴ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇന്ന് കോടതി മുമ്പാകെ ഹാജാരാക്കാൻ നാദാപുരം പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് നാലു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഒരു പ്രതി നാട്ടിലുണ്ട്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്.